ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് സഹായം നല്കിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാലത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ചത്. രാജസ്ഥാന്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരെയാണ് നരേന്ദ്ര മോദി അഭിനന്ദിച്ചത്.
എപ്പോഴും ജനങ്ങളോടൊപ്പമുണ്ടെന്ന് രാജസ്ഥാനിലെ ബിജെപി പ്രവര്‍ത്തകര്‍ കാണിച്ചു തന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിലും ലോക്ക് ഡൗണിനിടയിലും ജനങ്ങള്‍ക്കൊപ്പം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ബിജെപി പ്രവര്‍ത്തകര്‍. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും എന്നും പാര്‍ട്ടി ജനങ്ങളോടൊപ്പമായിരിക്കുമെന്ന് രാജസ്ഥാനിലെ പ്രവര്‍ത്തകര്‍ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവനങ്ങളും പ്രശംസനീയമാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലായിരിക്കും കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതലായിരിക്കുക എന്ന് പലരും പറഞ്ഞിരുന്നു. ബിഹാറില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പട്ടിണി ഉണ്ടാകുമെന്നും പലരും വിധിയിഴുതിയിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തങ്ങളുടെ സേവനങ്ങളിലൂടെ ഇവര്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക, ഡല്‍ഹി, ജാര്‍ഖണ്ഡ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.