ചെന്നൈ: കൊറോണയെ പിടിച്ചു നിര്‍ത്താനാകാതെ തമിഴ്നാടും മഹാരാഷ്ട്രയും. തമിഴ്നാട്ടില്‍ ഇന്ന് മാത്രം 4,280 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 1450 ആയി. 44,956 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 58,378 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെന്നൈയിലാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്. 66,538 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, മധുര, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധുരയിലും സമീപ പ്രദേശങ്ങളിലും ജൂലൈ 12 വരെ ലോക്ക് ഡൗണ്‍ നീട്ടി നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.
അതേസമയം മഹാരാഷ്ട്രയിലും രോഗവ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,08,082 പേര് രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 8,671 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവന് നഷ്ടപ്പെട്ടത്. 83,295 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,181 പേര്‍ക്കാണ് മുംബൈയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 82,814 ആയി.