ദോഹ. തുറസ്സായ തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിഷേധിച്ച 84 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തതായി ഭരണവികസന, തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 15നാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലാക്കിയത്. ജൂണ്‍ 18നും ജൂലൈ 2നും ഇടയില്‍ തൊഴില്‍ മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ശിക്ഷാനടപടിയെന്ന നിലയില്‍ ഈ കമ്പനികള്‍ക്ക് അധികൃതര്‍ മൂന്നു ദിവസത്തെ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. 2007ലെ 16ാം നമ്പര്‍ തൊഴില്‍ മന്ത്രാലയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ചൂടേറിയ ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11.30നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതു വിലക്കുന്നതാണ് ഉച്ചവിശ്രമ നിയമം.