ഭുവനേശ്വര്‍: ഒഡീഷയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷ സേന വധിച്ചു. കന്ധമാലിലാണ് സംഭവം.
കന്ധമാലിലെ തുമുദിബന്ധയിലുള്ള ഉള്‍വനത്തില്‍ പുലര്‍ച്ചെ 6.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ സേന നടത്തിയ ശക്തമയ തിരിച്ചടിയിലാണ് നാല് ഭീകരരെ വകവരുത്താനായത്. മേഖലയില്‍ കൂടുതല്‍ ഭീകരരുള്ളതായാണ് സൂചന.
ഏറ്റുമുട്ടല്‍ നടന്ന വന മേഖലയില്‍ സുരക്ഷ സേന നടത്തിയ പരിശോധനയില്‍ നാല് തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തി. സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ഡിസ്ട്രിക്റ്റ് വൊളണ്ടറി ഫോഴ്സും സംയുക്തമായാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. മേഖലയില്‍ സേനയുടെ പരിശോധന തുടരുകയാണ്.