ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച രണ്ട് ഭീകരര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കുല്‍ഗാമിലെ അരായിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ സ്രവപരിശോധന പൂര്‍ത്തിയായതോടെയാണ് ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം, പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് രണ്ടാമത്തെ ഭീകരനെ വധിച്ചത്.
ഇയാളോട് കീഴടങ്ങാന്‍ സുരക്ഷ സേന നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് കുടുംബാംഗങ്ങളെത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ ഇതിന് തയ്യാറാകാതെ വന്നതോടെ സൈന്യം വധിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.