ദോഹ* ഖത്തര്‍ പ്രവാസി ഗണേഷ് ഷേണായിക്ക് മിനിയേച്ചര്‍ പെയിന്റിങ്ങില്‍ ലോക റെക്കോര്‍ഡ്. കളര്‍ പെന്സിലുകളും ക്രയോണ്‍സും കൊണ്ട് 17 17സെമീ ഷീറ്റില്‍ 1,156 സൂക്ഷ്മ ചിത്രങ്ങള്‍ വരച്ചാണ് ഗണേഷ് യുകെ ആസ്ഥാനമായ വേള്‍ഡ് റെക്കോര്‍ഡ് സര്ട്ടിഫിക്കേഷന് ലിമിറ്റിഡിന്റെ അംഗീകാരം സ്വന്തമാക്കിയത്. ഓരോ ചെറുചിത്രത്തിനും 0.5 സെമീ ആണ് വലുപ്പം. എ4 പേപ്പറില്‍ 1,029 ചെറുചിത്രങ്ങള്‍ വരച്ച് കഴിഞ്ഞ വര്‍ഷം ഗണേഷ് ഇന്ത്യന്‍, ഏഷ്യന്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഒരു സെമീ സമചതുരത്തില്‍ 254 ചിത്രങ്ങളും 1-0.5 സെമീയുടെ 775 ചിത്രങ്ങളുമായിരുന്നു അന്ന് എ4 പേപ്പറില്‍ വരച്ചത്. ഗണേഷിനു ചിത്രരചനാവൈഭവം പൈതൃകമായി പകര്‍ന്നു കിട്ടിയതാണ്. കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവായിരുന്ന പുണ്ഡലിക് ഷേണായിയുടെ പുത്രനാണ് ഗണേഷ് കെലഗിന ബീഡു ഷേണായി. ചിത്രകാരിയായ അമ്മ പത്മിനിയും തെക്കേയിന്ത്യയില്‍ ഏറെ പ്രശസ്തയായിരുന്നു. സ്കൂള്‍ തലം മുതലേ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി വ്യക്തിഗത ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. ഗണേഷ് വരച്ച ക്രിസ്തുദേവന്റെ ചിത്രം വത്തിക്കാനിലെ ലൊസോര്ഒവേറ്റര് റൊമാനോയില്‍ ഇടംപിടിച്ചിരുന്നു. അടുത്ത വര്‍ഷം ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം. പോയിന്റലിസം, എക്സ്പ്രഷനിസം, മൊസൈക് തുടങ്ങി ചിത്രകലയിലെ വിവിധ രീതികളും മാധ്യമങ്ങളും പരീക്ഷിക്കുന്നതില്‍ ഏറെ തല്പരനായ ഗണേഷ് സ്വന്തം രചനകളൊന്നും പ്രതിഫലത്തിനായി ഇതേവരെ വിറ്റിട്ടില്ല. പകരം അവ ജീവകാരുണ്യ സംഘടനകള്‍ക്കു കൈമാറും. സംഘടനകള്‍ ഈ ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റ് തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. ഒരു പതിറ്റാണ്ടിലേറെയായി ഖത്തറില്‍ തുടരുന്ന ഗണേഷ് തയ്സീര്‍ സര്‍വിസ് കമ്പനിയില്‍ എച്ച്ആര്‍ മാനേജര്‍ ആണ്. ഭാര്യ ആരതി ഷേണായി. മകള്‍ അനീഷ കര്‍ണാടകയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി.