തിരുവനന്തപുരം:ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാനത്ത് രോഗബാധിതരെ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധ നടത്തുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പല ജില്ലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന നഗരമാണ് തിരുവനന്തപുരം. നിരവധിയാളുകളാണ് ദിനംപ്രതി നഗരത്തില്‍ കച്ചവടത്തിനായും ചികിത്സക്കായും എത്തുന്നത്. ആദ്യ രണ്ട് ഘട്ടത്തിലും ജില്ലയില്‍ രോഗികളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ പിന്നീട് അത് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങള്‍ കടന്നത്. മെയ് നാലുമുതല്‍ ഇതുവരെ 277 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 216 പേര് കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗം ബാധിച്ചത്. അടുത്തിടെ മണക്കാട്, പൂന്തുറ, ഭാഗങ്ങളില്‍ നിരവധി ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം ബാധയുണ്ടായ ഉറവിടം ഇതുവരെ വ്യക്തമല്ല.