ഇടുക്കി: ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ കേസില്‍ ആറു പേര് അറസ്റ്റില്‍. നിശാ പാര്‍ട്ടിയുടെ സംഘാടകരായ തണ്ണിക്കോട് മെറ്റല്‍സിന്റെ മാനേജര്‍, പരിപാടി നടന്ന ജംഗിള്‍ പാലസ് റിസോര്‍ട്ട് മാനേജര്‍ എന്നിവര്‍ അടക്കമുള്ള ആറു പേരെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നിശാ പാര്‍ട്ടി നടന്ന റിസോര്‍ട്ടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിശാ പാര്‍ട്ടിക്കായി വിദേശത്ത് നിന്നെത്തിയ നര്‍ത്തകി വിസാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന കാര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ പ്രതികളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 48 പേര്‍ക്കെതിരെയാണ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ മദ്യസത്ക്കാരം നടന്നെന്ന ആരോപണത്തില്‍ എക്സൈസ് അന്വേഷണവും പുരോഗമിക്കുകയാണ്. അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ഉയരുന്നുണ്ട്. കേസ് അട്ടിമറിച്ച് നിശാപാര്‍ട്ടില്‍ പങ്കെടുത്ത ഉന്നതരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം.