ചരിത്രം കുറിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. മധ്യപൂർവ ദേശത്തെ പബ്ലിക് ബസുകളിലെ ആദ്യത്തെ വനിതാ ഡ്രൈവർമാരെ ആർ.ടി.എ നിയോഗിച്ചു. മൂന്ന് വനിതാ ഡ്രൈവർമാരാണ് ആർ.ടി.എയുടെ ഭാഗമായത് .സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ആദ്യ ബാച്ചുകാരാണ് മൂന്നു വനിതാ ഡ്രൈവർമാർ. ദുബായിക്കകത്തെ ബസുകൾ ഇവർ വെള്ളിയാഴ്ച മുതൽ ഓടിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. സർക്കുലർ റൂട്ട് 77 ,റൂട്ട് എഫ് 70 ,മെട്രോ ലിങ്ക് റൂട്ടായ എഫ് 36 എന്നീ മൂന്ന് റൂട്ടുകളിൽ വനിതാ ഡ്രൈവർമാർ ബസ് ഓടിക്കും.പുരുഷ ഡ്രൈവർമാരെ പോലെ മികച്ച വനിതാ ഡ്രൈവർമാരെയും വാർത്തെടുക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാൻ വ്യക്തമാക്കി. നിലവിൽ ആർടിഎയുടെ കീഴിൽ ടാക്സി,ലിമോസ്,സ്കൂൾ ബസ് എന്നിവയിൽ ഒട്ടേറെ വനിതാ ഡ്രൈവർമാർ പ്രവർത്തിക്കുന്നുണ്ട്.