ജനീവ: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊറോണ വൈറസ് ലോക വ്യാപകമായി ഉണ്ടെന്ന കാര്യം ജനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വളരെ ഗൗരവപൂര്‍വ്വം മനസിലാക്കണമെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.
യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കുക, കൈകള്‍ കഴുകുക, കണ്ണുകള്‍, വായ, മൂക്ക്, എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാനമായും ലോകാരോഗ്യ സംഘടന നേരത്തെ പുറപ്പെടുവിച്ചിരുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. വിമാന യാത്രയില്‍ സാമൂഹിക അകലം പാലിക്കാന്‍ സാഹചര്യമില്ലെന്നും അതിനാല്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.