കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി അടയ്ക്കാന്‍ തീരുമാനിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിക്കുന്നവരുടെയും ഉറവിടമറിയാത്ത രോഗബാധിതരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്ഥിതി അതി ഗുരുതരമായിരിക്കുകയാണ്.
ഇന്നലെ 21 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗ ഉറവിടം വ്യക്തമല്ലാത്ത 12 കേസുകളാണ് നിലവില്‍ എറണാകുളത്തുള്ളത്.
അതേസമയം വരുംദിവസങ്ങളില്‍ പരിശോധന വിപുലമാക്കാനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. വിപുലമായ പരിശോധന നടത്താനായി 15,000 കിറ്റുകളാണ് ജില്ലാ താലൂക്ക് ആശുപത്രികളിലെത്തിച്ചിരിക്കുന്നത്. ചെല്ലാനം, മുനമ്പം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. മുനമ്പത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെത്തുന്നത് രോഗ വ്യാപനം വര്‍ധിക്കാന്‍ ഇടയാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.