ഇടുക്കി: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ തണ്ണിക്കോട്ട് മെറ്റല്‍സ് റവന്യു വകുപ്പ് അടപ്പിച്ചു. ലൈസന്‍സ് ഇല്ലാത്ത ക്രഷര്‍ തുറന്നതിനാണ് നടപടി. തണ്ണിക്കോട് മെറ്റല്‍സ് ഉടമ റോയ് കുര്യനെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യു വകുപ്പ് വ്യക്തമാക്കി. തണ്ണിക്കോട് മെറ്റല്‍സിന് ലൈസന്‍സ് ഇല്ലെന്ന് ഉടുമ്പുചോല പഞ്ചായത്തും ജിയോളജി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ക്രഷര്‍ യൂണിറ്റിന് ആവശ്യമായ അപേക്ഷ പോലും നല്‍കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.
നിശാ പാര്‍ട്ടി നടന്ന റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 48 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്മാന് റോയ് കുര്യന് ഉള്‍പ്പെടെ 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി 19 പേരാണ് പിടിയിലാകാനുള്ളത്. ഉടന്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ശാന്തന് പാറ പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ഉയരുന്നുണ്ട്. കേസ് അട്ടിമറിച്ച് നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഉന്നതരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം.