തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി അതീവ ഗുരുതരം. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍ നിന്നും ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പൂന്തുറയില്‍ കൊറോണ വ്യാപനം തടയാന്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്ത് നിന്നും ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ശനമായി തടയുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൂന്തുറയിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പു വരുത്താനായി തീരപ്രദേശത്ത് പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളിലായി ഇന്നലെ 37 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നും അന്‍പതോളം പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായതായാണ് റിപ്പോര്‍ട്ടുകള്‍.