ചെന്നൈ : തൂത്തുക്കുടി കസ്റ്റഡി കൊലപാത കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തു. സാത്താന്‍കുളം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയില്‍ എടുത്തത്. സിബിസിഐഡി സംഘത്തിന്റേതാണ് നടപടി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം പത്തായി.
കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന. നിലവില്‍ സാത്താന്‍കുളം എസ്ഐ രഘു ഗണേശ് ഉള്‍പ്പെടെ അഞ്ച് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് കൈമാറാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ലോക്ക് ഡൗണ്‍ ലംഘിച്ച് കട തുറന്നെന്ന് ആരോപിച്ചാണ് വ്യാപാരിയായ ജയരാജനെയും മകന് ബനിക്സിനെയും സാത്താന്‍കുളം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത പോലീസിനെ ബെനിക്സ് ആക്രമിച്ചെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്.