ന്യൂഡല്‍ഹി : രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2020 നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ പദ്ധതി നീട്ടിയത്.
രാജ്യത്ത് ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാണ്‍ യോജനക്ക് കീഴില്‍ വരുന്നത്. പദ്ധതിയുടെ കാലാവധി നീട്ടിയതോടെ നവംബര്‍വരെ ഇവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ഇതിനായി ഏകദേശം 6,849 കോടി രൂപ ചിലവ് വരുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.
ഗരീബ് കല്യാണ്‍ അന്നയോജനയുടെ ആദ്യഘട്ടത്തില്‍ 4. 63 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം പൊതുവിതരണ ശാലകള്‍ വഴി വിതരണം ചെയ്തത്. 18.2 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. അടുത്ത അഞ്ച് മാസം വിതരണം ചെയ്യുന്നതിനായുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.