ഹൈദരാബാദ്: അഞ്ചു വയസുകാരിയെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു. തെലങ്കാനയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുശൈഗഡ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ കരുണാകര്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.
കുട്ടിയുടെ അമ്മയും കരുണാകറും തമ്മില്‍ ഏറെ കാലങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ അഞ്ചു വയസുകാരിയുടെ അമ്മ ഇയാളുടെ സുഹൃത്തുമായി അടുത്തു. ഇതാണ് കരുണാകറിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വിഷയത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ യുവതി പെട്ടെന്ന് മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയും ഇയാളെ മുറിയിലിട്ട് പൂട്ടുയും ചെയ്തു. ഇതില്‍ കുപിതനായാണ് മുറിയില്‍ ഉറങ്ങി കിടന്നിരുന്ന അഞ്ചു വയസുകാരിയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഇയാള്‍ ആക്രമിച്ചത്. കഴുത്തിന് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.