ദോഹ. സ്വദേശിവല്‍ക്കരണ നടപടികള്‍ ഖത്തര്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍, വിരമിക്കല്‍, പെന്ഷന് ആനുകൂല്യങ്ങള്‍ ലഭ്യമാവുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഖത്തരി ജീവനക്കാരുടെ ശതമാനം 60 ആക്കി ഉയര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരുന്നു മന്ത്രിസഭ സമ്മേളിച്ചത്.സ്വകാര്യമേഖലയില്‍ ഖത്തരി-പ്രവാസി ജീവനക്കാരുടെ ശതമാനം എത്രയായിരിക്കണമെന്നതു സംബന്ധിച്ച് ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ കരടു നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കി രാജ്യത്തെ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി വാണിജ്യസ്ഥാപനങ്ങള്‍ക്കു വാരാന്ത്യ അവധി ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും തീരുമാനമായി. നാളെ(ജൂലൈ 9) മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.