കൊച്ചി: ആലുവയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലിസ് നിയന്ത്രണം കര്‍ശനമാക്കുന്നു. നഗരത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം. നഗരത്തിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗവ്യാപനം തടയുന്നതിന് കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നേരത്തെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച 13 ഡിവിഷനുകള്‍ക്ക് പുറമെ 2 ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ആലുവ മുന്‍സിപ്പാലിറ്റിയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ 15 ആയി.
ആലുവ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എറണാകുളം ഭാഗത്ത് നിന്നും പെരുംമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എച്ച് എം ടി ജംഗ്ഷനില്‍ നിന്നും തിരിയുകയോ ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴിയോ പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. അങ്കമാലി/ പറവൂര്‍ ഭാഗത്ത് നിന്നും പെരുംമ്പാവൂര്‍/ മൂന്നാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശത്ത് നിന്ന് തിരിഞ്ഞ് മഹിളാലയം പാലം വഴി പോകണം.
പെരുമ്പാവൂരില്‍ നിന്നും കെഎസ്ആര്‍ടിസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഹിളാലയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ദേശം വഴി തൃശൂര്‍/ എറണാകുളം ഭാഗത്തേക്ക് പോകേണ്ടതും പെരുമ്പാവൂരില്‍ നിന്നും പ്രൈവറ്റ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കൊച്ചിന് ബാങ്ക് ജംഗ്ഷനില്‍ തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതുമാണെന്ന് റൂറല്‍ എസ്.പി അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി എസ്പിയുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി.