തിരുവനന്തപുരം: പൂന്തുറയില്‍ നിന്നും പുറത്തേക്ക് പോയവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ അതീവ ദുഷ്ക്കരം. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനയ്ക്കായി കൊണ്ടു പോയവരിലൂടെ പുറത്ത് രോഗവ്യാപനമുണ്ടോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇനി വരുന്ന രണ്ടാഴ്ച്ച നിര്‍ണായകമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ പൂന്തുറയിലും തിരുവനന്തപുരം നഗരത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിദിനം 500 ആന്റിജന്‍ ടെസ്റ്റുകളാണ് പൂന്തുറ മേഖലയില്‍ മാത്രം നടത്തുന്നത്. സംസ്ഥാനത്തെ ആദ്യ സൂപ്പര്‍ സ്പ്രെഡ് പൂന്തുറയില്‍ ഉണ്ടായി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണ് പൂന്തുറയില്‍ നടപ്പിലാക്കുന്നത്. കമാന്‍ഡോകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 പേരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കര്‍ശനമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.