ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊറോണബാധ ശക്തമായി തുടരുന്നു. ഇന്നലെ മാത്രം 65000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ അമേരിക്കയിലെ രോഗബാധി തരുടെ എണ്ണം 32ലക്ഷം കടന്നിരിക്കുകയാണ്. ഇന്നലത്തെ കണക്കനുസരിച്ച് 32,19,999 രോഗബാധിതരാണുള്ളത്. ആകെ മരണം 1,33,195 ആയെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. ഇതിനിടെ രോഗം ഭേദമായവരുടെ എണ്ണം 14,26,428 ആയതിന്റെ ആശ്വാസത്തിലാണ് അമേരിക്കയിലെ ആരോഗ്യ സംഘടന.
പ്രതിരോധപ്രവര്‍ത്തനവും പരിശോധനയും കൂട്ടിയിട്ടും അമേരിക്കയിലെ രോഗബാധ കുറയാത്തതിന്റെ ആശങ്കയിലാണ് ട്രംപ് ഭരണകൂടം. വിവിധ നഗരങ്ങളില്‍ ലോക്ഡൗണുകള്‍ ലഘൂകരിച്ചതോടെയാണ് രോഗബാധ കൂടിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും മറ്റ് പ്രക്ഷോഭങ്ങളുമായി ജനങ്ങള്‍ സ്ഥിരം തെരുവിലിറങ്ങുന്നതും രോഗം വ്യാപിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന നിയന്ത്രണത്തിന് ട്രംപ് ഭരണകൂടം ഒരുങ്ങാത്തതും രോഗം നിയന്ത്രിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും തടയിടുകയാണ്. ആഗോളതലത്തില്‍ 1.24 കോടി ജനങ്ങളിലേയ്ക്ക് രോഗം എത്തിനില്‍ക്കേ അതില്‍ നാലിലൊന്നും അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.