ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചൈനയുമായുള്ള 900 കോടി രൂപയുടെ കരാറാണ് പിന്‍വലിച്ചതെന്നാണ് വിവരം. അതിര്‍ത്തിയലെ ഇന്ത്യാ – ചൈനാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് വ്യാപാര ബന്ധം കമ്പനി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് ഘട്ടം ഘട്ടമായി സ്വയംപര്യാപ്തത കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹീറോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ വ്യക്തമാക്കി. എല്ലാ പ്രതിസന്ധിയും പുതിയ അവസരങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ചൈനയുമായി 900 കോടിയുടെ വ്യാപാര ബന്ധമാണ് നടത്തേണ്ടിയിരുന്നത്. ഇതാണ് കമ്പനി പിന്‍വലിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.