ലക്നൗ: 8 പോലീസുകാരെ കൊലപെടുത്തിയ കേസിലെ മുഖ്യപ്രതിയായ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. വികാസ് ദുബെ കൊല്ലപ്പെട്ട സാഹചര്യം ദുരൂഹമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനു പുറമെ, സമാജ്വാദി പാര്‍ട്ടിയും പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വലിയ സത്യങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് വികാസ് ദുബെയുമായി സഞ്ചരിച്ച വാഹനം മാത്രം അപകടത്തില്‍പ്പെട്ടതെന്നും സംഭവത്തില്‍ പോലീസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസും വികാസ് ദുബെയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെല്ലാം എന്തുകൊണ്ടാണ് സമാനമായ രീതിയിലായത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു.
വികാസ് ദുബെ അറസ്റ്റിലായതു മുതലുള്ള സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി വാദ്ര, ജിതിന് പ്രസാദ എന്നിവരും പോലീസ് നടപടിക്കെതിരെ രംഗത്തെത്തി. അതേസമയം, ശിവസേന ഉത്തര്‍പ്രദേശ് പോലീസിനെ പിന്തുണക്കുകയാണ് ഉണ്ടായത്. ക്രമസമാധാന പാലനത്തിന് ഭീഷണിയായ വികാസ് ദുബെയെപ്പോലുള്ള കൊടും കുറ്റവാളിയെ കൊലപ്പെടുത്തിയാല്‍ അത് ചോദ്യം ചെയ്യരുതെന്ന് ശിവസേന വ്യക്തമാക്കി.