തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി മാറിയെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. തിരുവനന്തപുരത്തെ പൂന്തുറയിലും മണക്കാടും രോഗവ്യാപനം സങ്കീര്‍ണമായ രീതിയില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജൂലൈ ആറ് മുതല്‍ പൂന്തുറ ഭാഗത്തെ 243 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സാഹചര്യം ഗുരുതരമാണ് എന്നതിന്റെ ഉദാഹരണമാണ്. അതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അപകടമാണ്. പൂന്തുറ മേഖലയില്‍ ചിലര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മനപ്പൂര്‍വ്വമായി അട്ടിമറിക്കുന്നു. ഇതിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ഭാഗമായി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ഭയം ഉളവാക്കുന്നതാണ്. പ്രതിഷേധങ്ങള്‍ കൈവിട്ടു പോകുകയാണ്. നേതാക്കള്‍ അണികളെ ഉപദേശിക്കണമെന്നും ഷൈലജ അഭിപ്രായപ്പെട്ടു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയും മന്ത്രി നല്കി.