കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ചെന്ന് ബി ജെ പി നേതാവ് ദിലീപ് ഘോഷ്.കഴിഞ്ഞ മൂന്ന് മാസമായി പശ്ചിമബംഗാളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണ്. ഇതാണ് സംസ്ഥാനത്ത് കൊറോണ രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് എവിടെയാണ് കൃത്യമായ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തൃണമൂല്‍ മന്ത്രിമാര്‍ ബഹുമാനിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് മമത ബാനര്‍ജി ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ല. മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ അവഗണിക്കുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ എങ്ങനെയാണ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയും സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളില്‍ കാണാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദിനംപ്രതി ആയിരം കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വൈകാതെ ഇത് മൂവായിരം കടക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം പകര്‍ച്ചവ്യാധി കണക്കിലെടുത്ത് സംസ്ഥാനത്തെ ബി ജെ പി പ്രവര്‍ത്തകരോട് എല്ലാ പരിപാടികളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഏഴ് ദിവസത്തെ കര്‍ശന ലോക്ക് ഡൗണാണ് പശ്ചിമബംഗാളില്‍ നടപ്പിലാക്കിയിരിക്കുന്നത്.