ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. കശ്മീരിലെ പുല്‍വാമ മേഖലയില്‍ 91 കോടിയുടെ പദ്ധതിയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കം കുറിച്ചത്. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മുവാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കര്‍ഷകര്‍ക്കായി കിസാന്‍ മേള എന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന പരിപാടികളെ കുറിച്ചും പദ്ധതികളെ കുറിച്ചും അവബോധം നല്കുന്ന സംരംഭമാണ് കിസാന്‍ മേള. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മുര്‍മ്മു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൊതുജന പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി. പൊതുജന പങ്കാളിത്തതോടെ കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊതുജനപങ്കാളിത്തതോടെ വികസന നേട്ടം കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിയന്ത്രണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ജീവിത രീതിയിലും മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ജീവിത നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനം സഹായിക്കും. ഇതിനായി റോഡുകള്‍, പാലങ്ങല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍.