ഇസ്ലാമാബാദ് : നിരോധിത ഭീകര സംഘടനകളായ ജമാഅത്ത് ഉദ് ദവ, ലഷ്കര്‍ ഈ ത്വയ്ബ എന്നിവയിലെ ഭീകരരുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി പാകിസ്താന്. ആഗോള ഭീകരന് ഹാഫിസ് സയീദിന്റേതുള്പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളാണ് പാകിസ്താന് പൂര്‍വ്വസ്ഥിതിയിലാക്കിയത്. ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ യുഎന്‍ ദേശീയ സുരക്ഷാ കൗണ്‍സിലിലെ സാംഗ്ഷന്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
ഹാഫിസ് സയീദിന് പുറമേ ഭീകരരായ അബ്ദുള്‍ സലാം ഭുട്ടാവി, ഹാജി എം അഷ്റഫ്, യാഹ്യ മുജാഹിദ്, സഫര്‍ ഇക്ബാല്‍ എന്നിവരുടെ അക്കൗണ്ടുകളും പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉദ് ദവ, ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സാംഗ്ഷന്‍ കമ്മിറ്റി അനുമതി നല്‍കിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ കുടുംബം പട്ടിണിയില്‍ ആണെന്ന് കാണിച്ചാണ് ഭീകരര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്.
നിലവില്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള ഭീകരര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പണം സമാഹരിച്ച കേസിലാണ് ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്.
അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാണമെന്ന ഭീകരരുടെ ആവശ്യത്തെ പാക് സര്‍ക്കാര്‍ പിന്തുണച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.