തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു. മൂന്ന് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സന്ദീപിനെ കറുകുറ്റിയിലെ കൊറോണ കെയര്‍ സെന്ററിലേക്കും സ്വപ്നയെ
തൃശ്ശൂര്‍ അമ്പിളിക്കലയിലെ കൊറോണ കെയര്‍ സെന്ററി ലേക്കും മാറ്റും.
എന്‍ഐഎ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ കേസാണ് ഇതെന്ന് എന്‍ഐഎ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അതേസമയം ഇവരുടെ കൊറോണ ഫലം നെഗറ്റീവ് ആയാല്‍ റിമാന്‍ഡ് റദ്ദാക്കി കസ്റ്റഡിയില്‍ വിടുമെന്നാണ് സൂചന.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് പേരെയും കറുകുറ്റിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സന്ദീപിനെ കറുകുറ്റിയിലേക്കും സ്വപ്നയെ അമ്പിളിക്കലയിലേക്കും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം