ബെയ്ജിംഗ് : ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വിലക്കി ചൈനീസ് സര്‍ക്കാര്‍. സൈനികരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുകയോ ശവ സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കുടുംബങ്ങളോട് ശവസംകാരം നടത്തരുതെന്ന് അറിയിച്ചത് എന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാല്‍ സംഘര്‍ഷത്തില്‍ ചൈനക്കുണ്ടായ നഷ്ടം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും മറച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ തന്ത്രമാണ് ഇതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
നിലവിലെ നിയന്ത്രണങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി ചൈനീസ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞാല്‍ അത് പൊതുജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഉണ്ടാക്കിയെടുക്കുമെന്നാണ് ചൈനയുടെ ഭയം. നിരവധി ശക്തമായ സര്‍ക്കാര്‍ വിരുദ്ധ
പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിയായ രാജ്യമാണ് ചൈന.