ന്യൂയോര്‍ക്ക് : അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക് ടോക് നിരോധിച്ചാല്‍ ചാരവൃത്തിക്കായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാകും ചൈനക്ക് നഷ്ടമാകുക എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രിയേണ്. ടിക് ടോക് , വിചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ റേഡിയോയായ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇന്ത്യ ടിക് ടോക് നേരത്തെ തന്നെ നിരോധിച്ച വിവരം എല്ലാവര്ക്കും അറിയാം. ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുകയാണെങ്കില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിക്കും. ഇതിലൂടെ ചാരവൃത്തിക്കായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിച്ച് പോരുന്ന ഏറ്റവും വലിയ ആയുധമാണ് അകറ്റി നിര്‍ത്തപ്പെടുക.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിനോദത്തിനായി ടിക് ടോക് ഉപയോഗിക്കുന്നു. ഇതിലൂടെ നമ്മുടെ വ്യക്തിപരവും, സ്വകാര്യവുമായ വിവരങ്ങളാണ് ചൈന കൈക്കലാക്കുന്നത്. അവര്‍ക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ ആരാണെന്നും രക്ഷിതാക്കള്‍ ആരാണെന്നും അറിയാം. നിങ്ങളുടെ എല്ലാ ബന്ധങ്ങളെയും നിരീക്ഷിക്കാന്‍ ചൈനക്ക് കഴിയും.
നിങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ചൈനയുടെ സൂപ്പര്‍ കമ്പ്യൂട്ടറുകളിലെ ക്ലൗഡുകളിലാണ് ശേഖരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും അവര്‍ അറിയും. അതിനാല്‍ സുപ്രധാന വിവരങ്ങള്‍ ആര്‍ക്കാണ് നല്‍കുന്നത് എന്നതിനെക്കുറിച്ച് എല്ലാവര്ക്കും ബോദ്ധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ വ്യക്തിഗത വിവരങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈനയാണ്. അതുകൊണ്ട് തന്നെ ടിക് ടോക്, വീ ചാറ്റ് മുതലായ ചൈനീസ് ആപ്ലിക്കേഷനുകള്‍ ട്രം ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. കോടിക്കണക്കിന് ജനങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ചൈന മോഷ്ടിച്ചിട്ടുണ്ട്. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍
നിരവധി കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.