ശ്രീനഗര്‍ : സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. പാംഗോംഗ് സോ പ്രദേശത്തെ ഫിംഗര്‍ ഫോറില്‍ നിന്നും പിന്മാറാന് ചൈനീസ് സൈന്യം വിസമ്മതിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്താനുള്ള പദ്ധതികള്‍ ഇന്ത്യ ആരംഭിച്ച് കഴിഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നാലാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പാംഗോംഗ് സോയുടെ തന്ത്ര പ്രധാന മേഖലയായ ഫിംഗര്‍ ഫോറില്‍ നിന്നും പിന്മാറാന് ചൈനീസ് സൈന്യം വിസമ്മതിച്ചതായുള്ള വിവരം പുറത്തു വരുന്നത്. വിവരം ലഭിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ഇന്ത്യന്‍ സൈന്യം തുടരുന്നത്.
മൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സംഘര്‍ഷം നടന്ന പ്രദേശമായ ഗാല്‍വന്‍ ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ നിന്നും പിന്മാറാന് ഇരു സൈന്യങ്ങളും ധാരണയായത്. ധാരണ പ്രകാരം ഗാല്‍വന്‍ താഴ്വര, ഗോര്‍ഗ എന്നീ പ്രദേശങ്ങളില്‍ നിന്നും സൈന്യം പിന്മാറിയിരുന്നു. പിന്നീട് പാംഗോംഗ് സോയുടെ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഫിംഗര്ഫോറില് തുടരുന്നതായാണ് വിവരം.