ജെയ്പൂര്‍ : അയോഗ്യരാക്കരുതെന്ന് കാണിച്ച് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി. അടുത്ത നാല് ദിവസത്തേക്ക് സച്ചിന് പൈലറ്റിനെതിരെയോ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കെതിരെയോ നടപടി സ്വീകരിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി സ്പീക്കര്‍ സിപി ജോഷിക്ക് നിര്‍ദ്ദേശം നല്കി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പുറപ്പെടുവിച്ച നോട്ടീസിനെതിരെ സച്ചിന് പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നിയമസഭാ സമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ സച്ചിന് പൈലറ്റും എംഎല്‍എമാരും പങ്കെടുത്തില്ല. ഇതേ തുടര്‍ന്നാണ് സ്്പീക്കര്‍ ജൂലൈ 17 ന് ഹാജരാകണമെന്നും അല്ലാത്ത പക്ഷം അയോഗ്യരാക്കുമെന്നും വ്യക്തമാക്കി നോട്ടീസ് നല്‍കിയത്.
ഇന്ന് അഞ്ച് മണിക്കുള്ളില്‍ സ്പീക്കറുടെ ചേംബറില്‍ ഹാജരാകണമെന്നായിരുന്നു സ്പീക്കര്‍ നല്കിയ നോട്ടീസിലെ നിര്‍ദ്ദേശം. പ്രസ്തുത സമയം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു കോടതിയുടെ വിധി പ്രസ്താവന.
സച്ചിന് പൈലറ്റിന് അനുകൂലമായി വിധി പ്രസ്താവിച്ച കോടതി സ്പീക്കര്‍ മുമ്പാകെ പരാതി നല്കിയ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയോട് എംഎല്‍എമാരുടെ ഹര്‍ജിയില്‍ ശനിയാഴ്ചയ്ക്കകം പ്രതികരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.