റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് ആശ്രിതരുടെ സ്പോൺസർഷിപ്പ് മാറ്റാൻ പുതിയ ഓൺലൈൻ സംവിധാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. സ്ഥാപനങ്ങളിലോ സ്വകാര്യ സ്പോൺസർഷിപ്പിനു കീഴിലോ ഉള്ള പ്രവാസികൾക്ക് അവരുടെ ആശ്രിതരുടെ സ്പോൺസർഷിപ്പ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ പുതിയ സംവിധാനത്തിലൂടെ കഴിയും.
ആശ്രിത സേവനം കൈമാറുന്നതിന് സ്ഥാപനങ്ങളോ സ്വകാര്യം സ്പോൺസർമാരോ മന്ത്രാലയത്തിന്റെ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അബ്ഷർ പോർട്ടലിൽ വഴി അയാളുടെ ആശ്രിതന്റെ സ്പോൺസർഷിപ്പ് കൈമാറാനുള്ള അപേക്ഷ അംഗീകരിക്കാം. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച് കഴിഞ്ഞാൽ സേവന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 14 ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ ബന്ധപ്പെട്ട ബ്രാഞ്ചുകളെ സ്പോൺസർ സമീപിക്കും. ഒരു നിശ്ചിത കാലയളവിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സ്ഥാപനത്തിനു കഴിയാതെ വന്നാൽ സേവനം റദ്ദാക്കപ്പെടും. ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിശ്ചിത ഫീസ് അടയ്ക്കേണ്ടത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടിലൂടെ വേണം ഫീസ് അടക്കേണ്ടത്.
സ്പോൺസർഷിപ്പ് കൈമാറ്റം ചെയ്യുന്നതിന് ആശ്രിതർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ആശ്രിതർ സ്പോൺസർഷിപ്പ് സേവനങ്ങളുടെ കൈമാറ്റം നിരോധിച്ചിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ആകാൻ പാടില്ല. പ്രവാസികൾക്കും അയാളുടെ ആശ്രിതർക്കും സാധുവായ ഇക്കാമ (റെസിഡൻസി പെർമിറ്റ്) ഉണ്ടായിരിക്കണം, പ്രവാസി നിലവിൽ രാജ്യത്ത് ജോലിചെയ്യുന്നവർ ആയിരിക്കണം തുടങ്ങിയ വ്യവസ്ഥകൾ പാലിച്ചു വേണം സ്പോൺഷെർഷിപ് കൈമാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്.