റിയാദ് : സൗദിഅറേബ്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചു ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. ഇതിനായി ഒരു തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും സിവിൽ ഏവിയേഷൻ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി.
ആഗോള തലത്തിൽ നിലവിലെ കൊറോണ വ്യാപനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മാത്രമെ അധികാരികളിൽ നിന്നും ഉചിതമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാംഭിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യുഹങ്ങളിൽ വിശ്വസിക്കരുതെന്നും അതോറിറ്റിയുടെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ സ്വീകരിക്കാവൂ എന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ആഗോള തലത്തിൽ കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടർന്നാണ് മാർച്ച് മാസം മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചത്. രാജ്യത്തെ കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതിനെ തുടർന്ന് ജൂണിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു.