റിയാദ്: രാജ്യത്ത് ആദായനികുതി ഏർപെടുപ്പെടുത്തുന്നതുമായി ബന്ധപെട്ട വാർത്ത സൗദി അറേബ്യ നിഷേധിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആദായനികുതി വിഷയം മന്ത്രിസഭയിലോ സർക്കാരിന്റെ മറ്റേതെങ്കിലും ഫോറത്തിലോ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയതായാണ് സൂചന.
രാജ്യത്ത് ആദായനികുതി ഏർപ്പെടുത്താൻ പദ്ധതികൾ നിലവിൽ ഇല്ലെന്നും എന്നാൽ ഭാവിയിൽ സാധ്യത തള്ളിക്കളയുന്നില്ലെന്നും ധനമന്ത്രി മുഹമ്മദ് അൽ ജദാൻ അറിയിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.
കൊറോണ വൈറസ് വ്യാപനവും എണ്ണവിലയിലുണ്ടായ ഇടിവും മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ നേരിടാൻ സൗദി അറേബ്യ ജൂലൈ 1 ന് മൂല്യവർദ്ധിത നികുതി 15 ശതമാനമാക്കി ഉയർത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ
പ്രാദേശിക, അന്തർദേശീയ വായ്പകളിലൂടെ ബജറ്റ് കമ്മി പരിഹരിക്കാൻ ധനമന്ത്രാലയം ശ്രമിക്കുന്നതായും എസ്പിഎ റിപ്പോർട്ട് ചെയ്യുന്നു.