റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി ഹോളി കഅബയെ മൂടുന്ന സ്വർണ്ണ എംബ്രോയിഡറിയുള്ള കറുത്ത തുണിയായ കിസ്വാ വ്യാഴാഴ്ച മാറ്റുമെന്ന് ജനറൽ പ്രസിഡൻസി പ്രഖ്യാപിച്ചു.
കഅബയുടെ എല്ലാ വശങ്ങളും മൂടുന്ന കിസ്വാ നിർമ്മിച്ചിരിക്കുന്നത് 670 കിലോഗ്രാം ശുദ്ധമായ സിൽക്കിലാണ്. കറുത്ത ചായം പൂശുന്ന കിസ്വായിലെ എംബ്രോയിഡറി ചെയ്തിരിക്കുന്നത് 120 കിലോ സ്വർണ്ണ നൂലുകളും 100 കിലോ വെള്ളിയും ഉപയോഗിച്ചാണ് 47 കഷണങ്ങളായാണ് കിസ്വാ നിർമ്മിച്ചിരിക്കുന്നത്.
എല്ലാ വർഷവും ഹജ്ജിനൊടനുബന്ധിച്ച് കഅബയെ പൊതിയുന്ന തുണി ഇത്തരത്തിൽ മാറ്റാറുണ്ട്. 160 ഓളം കരകൗശലത്തൊഴിലാളികളും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പുതിയ കവർ വീണ്ടും അലങ്കരിക്കുന്നത്.
ഹജ്ജിന്റെ രണ്ടാം ദിവസമായ ദുൽ ഹിജയുടെ ഒമ്പതാം തിയതിയാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ ദിവസമാണ് തീർഥാടകർ ഹജ്ജ് തീർഥാടന വേളയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരം നടത്താൻ അറഫാത്ത് പർവതത്തിലേക്ക് പോകുന്നത്.