ബെര്‍ലിന്‍: കൊറോണ വൈറസ് പരിശോധനയ്ക്കായി നായ്ക്കളെ പരിശീലിപ്പിച്ച് ജര്‍മനി. ജര്‍മനിയിലെ വെറ്റിനറി സര്‍വകലാശാല ഗവേഷകരാണ് കൊറോണ പരിശോധനയ്ക്ക് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. ജര്‍മന്‍ സായുധ സേനയിലെ എട്ട് നായ്ക്കളെയാണ് ഇതിനായി പരിശീലിപ്പിക്കുന്നത്. ഒരാഴ്ചത്തെ പരീശീലനമാണ് നായ്ക്കള്‍ക്ക് നല്‍കുന്നത്. ജര്‍മന്‍ സായുധസേനയും ഹാനോവെര്‍ വെറ്റിറിനറി സ്കൂളും സംയുക്തമായാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
കൊറോണ പോസിറ്റീവായ 1000 പേരില്‍ 94 ശതമാനം കൃത്യതയോടെയാണ് നായ്ക്കള്‍ രോഗത്തെ കണ്ടെത്തിയത്. ഇതിനായി 1000 പേരുടെ ഉമിനീരാണ് നായ്ക്കള്‍ക്ക് പരിശോധനകള്‍ക്കായി നല്‍കിയതെന്നും യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി മെഡിസിന് ഹാനോവെര്‍ അധികൃതര്‍ വ്യക്തമാക്കി.
നായ്ക്കളുടെ ഘ്രാണ ശേഷി മനുഷ്യരെക്കാള്‍ ആയിരം മടങ്ങ് ഇരട്ടിയാണ്.അതുകൊണ്ട് തന്നെ മണത്തിലൂടെ പെട്ടന്ന് കൊറോണ വൈറസുകളെ തിരിച്ചറിയാന്‍ അവയ്ക്ക് കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് ബാധിച്ച വ്യക്തികളുടെ മെറ്റബോളിസം മറ്റുള്ളവരുടെതില്‍ നിന്നും വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി വളരെ തിരക്കേറിയ സ്ഥലങ്ങളില്‍ കൊറോണ കേസുകള്‍ തിരിച്ചറിയുന്നതിന് നായ്ക്കളുടെ പരിശോധന സഹായിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷപ്രകടിപ്പിച്ചു. കൊറോണയെ ഇന്‍ഫഌവന്‍സ പോലുള്ള മറ്റുരോഗങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ പരീശീലിപ്പിക്കുന്നതാണ് അടുത്ത ഘട്ടമെന്ന് ഗേവേഷകര്‍ പറയുന്നു.