ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍. സംഘടന അവസാനിച്ചെന്ന് ഇന്ത്യ കരുതരുതെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരാഴ്ച ബാക്കി നില്‍ക്കെയാണ് ഭീഷണി മുഴക്കി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
വീഡിയോയിലൂടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടത്. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ജമ്മു കശ്മീരില്‍ കര്‍ക്കശ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും എതിര്‍ത്ത നേതാക്കളെ തടങ്കലില്‍ ആക്കുകയും ചെയ്തു. മുജാഹിദ്ദീന്‍ അവസാനിച്ചെന്ന് ഇന്ത്യ ചിന്തിക്കരുതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ജമ്മു കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായ ഭീകരരുടെ ആക്രമണങ്ങള്‍ അടുത്ത കാലാത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പാകിസ്താന് പദ്ധതിയിട്ടതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിവിഐപികളെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.