ന്യൂഡല്‍ഹി: രാജ്യസഭ എംപിയും സമാജ്വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ, അദ്ദേഹം കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനി ബാല ഗംഗാധര തിലകന്റെ 100-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് അമര്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ചികിത്സയിലായിരുന്നെങ്കിലും സമൂഹ മാദ്ധ്യമങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.
താന്‍ മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം മാര്‍ച്ച് 2ന് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22ന് ആശുപത്രിക്കിടക്കയില്‍ നിന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ പ്രചാരം നേടിയിരുന്നു.
സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും 2010 ജനുവരി 6നാണ് അദ്ദേഹം രാജിവെച്ചത്. അതുവരെ മുലായം സിംഗ് യാദവിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായിരുന്നു അമര്‍ സിംഗ്.