ന്യൂഡല്‍ഹി: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ യുവാക്കള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചാല്‍ കൊറോണ ഭീഷണി ഒഴിഞ്ഞശേഷമുള്ള പുതിയ ലോകത്തില്‍ ഇന്ത്യയെ നയിക്കാന്‍ യുവാക്കള്‍ക്ക് കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ 2020 ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്.
ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള കഴിവ് യുവാക്കള്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ കൈകളില്‍ ഭാരതത്തിന്റെ ഭാവി സുരക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ യുവത്വത്തിന് സാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവ സംയുക്തമായാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്.