ന്യൂഡല്‍ഹി: കൊറോണക്കെതിരെ വാക്സിന് കണ്ടെത്തിയാലും മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. വാക്സിന് കണ്ടെത്തിയാലും ദീര്‍ഘനാള്‍ മാസ്കു ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടി വരുമെന്ന് അമേരിക്കയിലെ വാക്സിന് നിര്‍മ്മാതാക്കളും അറിയിച്ചു.
ശരീരത്തില്‍ വാക്സിന് കുത്തിവെക്കുന്നതിലൂടെ സാര്‍സ് കോവ്-2 വൈറസുകളുടെ സാന്നിദ്ധ്യം കുറക്കാന്‍ സാധിക്കുമെങ്കിലും പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് മേധാവി മരിയ എലേന ബൊട്ടാസി പറഞ്ഞു. പക്ഷേ, നാമെല്ലാവരും മരുന്ന് കണ്ടെത്തിയാല്‍ ആശ്വസിക്കുമെന്നും ജീവിതം ഉടനടി പഴയപടിയാകുമെന്നും ചിന്തിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ബൊട്ടാസി കൂട്ടിച്ചേര്‍ത്തു.
വിജയകരമാകുമെങ്കിലും ആദ്യ വാക്സിന് കൊറോണ വൈറസിനെതിരെ വലിയ മാജിക്കുകള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വാക്സിന് എത്തിയെന്ന് കരുതി മാസ്കുകള്‍ ചവറ്റുകുട്ടയില്‍ ഇടാനും പാടില്ല. ആദ്യമായി കണ്ടെത്തുന്ന വാക്സിനുകള്‍ വൈറസിന്റെ സാന്നിദ്ധ്യം കുറക്കാന്‍ മാത്രമേ സഹായകമാകുകയുള്ളൂ എന്നും ഇതിലൂടെ ശാശ്വത പരിഹാരം ലഭിക്കില്ലെന്നും ബൊട്ടാസി അഭിപ്രായപ്പെട്ടു.
അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150ലധികം കമ്പനികളാണ് വാക്സിന് നിര്‍മ്മാണ രംഗത്തുള്ളത്. ഇതില്‍ 26 എണ്ണം മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഇവയില്‍ അഞ്ച് വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. ഇന്ത്യയില്‍ ഭാരത് ബയോട്ടെക്കിന്റെയും സൈഡസിന്റെയും വാക്സിന് പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.