ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. പുതിയ ഭൂപടം യുഎന്നിനും ഗൂഗിളിനും അയച്ചു കൊടുക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേപ്പാളി മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നേപ്പാളിലെ ശര്‍മ്മ ഒലി സര്‍ക്കാര്‍ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. നിലവില്‍ ഭൂപടത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമാകും യുഎന്നിനും ഗൂഗിളിനും അയച്ചുകൊടുക്കുക. കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം ഉടന്‍ പുറത്തിറക്കുമെന്ന് നേപ്പാളിലെ റവന്യു മന്ത്രിയായ പദ്മ ആര്യാല്‍ പറഞ്ഞു.
ജൂണ്‍ 13നാണ് കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യയുടെ അതിര്‍ത്തി എന്ന നിലയിലും സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിലും പ്രധാനപ്പെട്ട മേഖലകളാണിത്. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ 1990കള്‍ മുതല്‍ അവകാശവാദം ഉന്നയിക്കുന്നതിന് പിന്നില്‍ ചൈനയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.