തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയോഗിച്ച് സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നും കോടികള്‍ വെട്ടിച്ച ജീവനക്കാരന് സസ്പെന്ഷന്. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നും വെട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ജില്ലാ ട്രഷറി ഓഫീസര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുലാല്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ പരിശോധനയ്ക്കായി പൊലീസ് കൊണ്ടു പോയി.
ജില്ലാ ട്രഷറി ഓഫീസര്‍ ഷാനവാസ് പ്രാഥമിക റിപ്പോര്‍ട്ട് ട്രഷറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തത്. സബ്ട്രഷറി ഓഫീസര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേര്ഡ് ഉപയോഗിച്ച് ബിജുലാല്‍ തന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തട്ടിപ്പ് നടത്താന്‍ എങ്ങനെയാണ് ബിജുലാലിന് പാസ്വേഡ് ലഭിച്ചതെന്ന കാര്യം വ്യക്തമല്ല. സബ്ട്രഷറി ഓഫീസര്‍ പാസ്വേര്ഡ് ഉപയോഗിക്കുമ്പോള്‍ ഇയാള്‍ മറഞ്ഞു നിന്ന് കണ്ടതാവാമെന്നാണ് അധികൃതരുടെ നിഗമനം. ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്റ് സെല്‍ വിഭാഗത്തിന്റെ വീഴ്ച്ചയാണ് തട്ടിപ്പ് നടത്താന്‍ കാരണമെന്നും ആക്ഷേപമുണ്ട്.