ഇടുക്കി: ലോക്ക് ഡൗണിന്റെ മറവില്‍ തൊടുപുഴയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്. കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ 4 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. സ്റ്റോക്കെടുപ്പ് നിലച്ചത് മുതലാക്കിയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ 6 ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റി.
രണ്ട് ദിവസം മുമ്പ് കണ്‍സ്യൂമര്‍ഫെഡിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് സാധനങ്ങളുടെ വലിയ തോതിലുള്ള കുറവ് കണ്ടെത്തിയത്. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളുടെ അളവിലാണ് വലിയ വ്യത്യാസം വന്നിട്ടുള്ളത് . തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരടക്കമുള്ള 6 ജീവനക്കാരെയാണ് താല്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. അതേസമയം അഴിമതി നടത്തിയിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ജീവനക്കാര്‍ പറഞ്ഞു.
രണ്ട് സ്ഥിരം ജീവനക്കാരടക്കം 10 പേരാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ എറണാകുളം ഓഫിസില്‍ നിന്നാണ് വിജിലന്‍സ് സംഘം തൊടുപുഴയിലെത്തി പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകും.