ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജയുടെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ഒരുക്കങ്ങള്‍ വിലയിരുത്താനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച അയോദ്ധ്യ സന്ദര്‍ശിക്കും.
ഓഗസ്റ്റ് 5 നാണ് ഭൂമിപൂജ നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതിനാല്‍ പ്രദേശത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷിയും എല്‍.കെ അദ്വാനിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന്റെ ഭാഗമാകും.
കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഇന്ന് അയോദ്ധ്യയില്‍ എത്തി ഭൂമി പൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.