യു.എ.ഇയുടെ സ്വപ്നപദ്ധതിയായ യു.എ.ഇയുടെ ബറാഖ ആണവനിലയം രാജ്യത്തെ ഊർജരംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് യു.എ.ഇ സമാധാന ആണവോർജ നിർമാണ യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അബുദാബിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽ ഗാർബിയയിൽ സ്ഥിതിചെയ്യുന്ന ബറാഖ ആണവനിലയത്തിലെ നാല് ആണവ റിയാക്ടറുകളിൽ ഒന്നാമത്തെ റിയാക്ടറിലാണ് ഊർജ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. യു.എ.ഇയുടെ സുസ്ഥിര വൈദ്യുതോർജ നിർമാണത്തിൽ കാര്യമായ സംഭാവന നൽകാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ അഞ്ചുമാസത്തെ പരീക്ഷണഘട്ടത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷമാണ് പൂർണതോതിലുള്ള പ്രവർത്തനങ്ങൾക്ക് ആദ്യ യൂണിറ്റിൽ തുടക്കമായിരിക്കുന്നത്. യു.എ.ഇയുടെ 12 വർഷത്തെ തീവ്രശ്രമമാണ് ബറാഖ ആണവനിലയത്തിന്റെ നിർമാണത്തിന് പിറകിലുള്ളത്. 2008 ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.