കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടം ഓഗസ്റ്റ് മധ്യത്തോടെ ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശര്‍മ്മ ഒലി സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ഭൂപടം അയക്കാന്‍ പദ്ധതിയിടുന്നതായി നേപ്പാളിലെ മന്ത്രിയാണ് അറിയിച്ചത്. പുതിയ ഭൂപടം യുഎന്നിനും ഗൂഗിളിനും അയച്ചു കൊടുക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നേപ്പാളില്‍ ഇപ്പോള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഭൂപടത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും യുഎന്നിനും ഗൂഗിളിനും അയച്ചു കൊടുക്കുക.
ഇക്കഴിഞ്ഞ ജൂണ്‍ 13 നാണ് നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യയുടെ അതിര്‍ത്തി എന്ന നിലയിലും സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിലും പ്രധാനപ്പെട്ട മേഖലകളാണ് കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്നതിന് പിന്നില്‍ ചൈനയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് നേപ്പാളിനെതിരെ ഉയര്‍ന്നിരുന്നത്.