ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,50,724 ആയി ഉയര്‍ന്നു. ഇതില്‍ 11,45,630 പേര് രോഗമുക്തി നേടി. 5,67,730 പേര് നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 853 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 37,364 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഉളളവരേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവര്‍. 64.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അധികൃതര്‍. പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധനകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഐസിഎംആറിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്നലെ മാത്രം 5,25,689 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 1,19,58,659 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.