കൊച്ചി: കണ്ടെയ്നര്‍ കള്ളനോട്ട് കടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കള്ളനോട്ട് കൈവശമെത്തിയവരില് ചിലര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് പെരുമ്പാവൂരിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തി. വരവില്‍ കവിഞ്ഞ കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ ഇന്‍കം ടാക്സ് നിരീക്ഷണം മറികടക്കാന്‍ കുറുക്കുവഴി തേടിയെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വ്യക്തമാക്കി. കള്ളനോട്ട് എത്തിയെന്ന് വ്യക്തമാകുന്ന അതേ കാലത്ത് കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ച പെരുമ്പാവൂരിലെ ചിലര്‍ കൃത്രിമ വരുമാന സ്രോതസുകളുണ്ടാക്കാന് തന്നെ സമീപിച്ചിരുന്നു. 25.75 ലക്ഷങ്ങള്‍ വരെ അന്ന് ബാങ്കിലുണ്ടായിരുന്ന ഇതേ ആളുകളുടെ അക്കൗണ്ടുകളിലേക്ക് പിന്നിട് കോടികളുടെ നിക്ഷേപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കണ്ടെയ്നറുകളിലായി പാകിസ്താനില്‍ നിന്നും കള്ളനോട്ട് ദുബായ് വഴി കൊച്ചിയിലെത്തിയതായി ഇന്റലിജന്‍സ് സംവിധാനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി തുറമുഖത്ത് കണ്ടെയ്നറില്‍ കള്ളനോട്ടെത്തിയതിന്റെ വിവരങ്ങള്‍ വി എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷും പുറത്തു വിട്ടിരുന്നു.
കൊച്ചിയിലെത്തി അപ്രത്യക്ഷമായ കണ്ടെയ്നര്‍ കള്ളനോട്ടുകളെ കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം അവസാനിച്ച ഘട്ടത്തിലാണ് സംഭവത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെരുമ്പാവൂരിലെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രംഗത്തെത്തിയിരിക്കുന്നത്. അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും വ്യാജ നോട്ടുകളാണ് അന്ന് കണ്ടെയ്നറില്‍ എത്തിച്ചത്. തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് വേരോട്ടമുള്ള പെരുമ്പാവൂരിന് പുറമെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും കണ്ടെയ്നര്‍ കള്ളനോട്ട് എത്തിയിട്ടുണ്ടെന്നാണ് വിവരം.