പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം മാത്രം പിന്നിട്ട അംഗനവാടി കെട്ടിടം ചോര്‍ന്നൊലിക്കുന്നതായി പരാതി. പാലക്കാട് കാഞ്ഞിരപ്പുഴ ചെട്ടിപള്ളിയാലിലെ അംഗനവാടി ആണ് ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം ആവുമ്പോഴേക്കും ചോര്‍ന്ന് ഒലിക്കുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തില്‍ അഴിമതിയുണ്ടെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ 20 നാണ് കാഞ്ഞിരപ്പുഴ ചെട്ടിപ്പള്ളിയാലിലെ അംഗനവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞു ഒന്നര മാസം മാത്രം പിന്നിടുമ്പോള്‍ ശക്തമായി പെയ്യുന്ന മഴയില്‍ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. പുതിയ കെട്ടിടത്തില്‍ ചോര്‍ച്ച വന്നതോടെ ക്ലാസ് മുറിയില്‍ തളം കെട്ടുന്ന വെള്ളം ജീവനക്കാര്‍ കോരി കളയേണ്ട സ്ഥിതിയിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2018- 2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്.
നിലവില്‍ കൊറോണ മൂലം അദ്ധ്യയനം വീടുകളില്‍ വച്ച് ആയതിനാല്‍ കെട്ടിടത്തിലെ ചോര്‍ച്ച വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ കൊറോണക്ക് ശേഷം വിദ്യാര്‍ഥികള്‍ തിരികെയെത്തുമ്പോള്‍ കെട്ടിടം തകര്‍ന്നു വീഴുമോ എന്ന് ആശങ്കയുണ്ടെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.