കാബൂള്‍: ഐ.എസ് ഭീകര നേതാവ് അസദുള്ള ഒറാകസായി കൊല്ലപ്പെട്ടു. പാകിസ്താന് പൗരനായ ഭീകരനാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊടുംഭീകരന്മാരിലൊരാളാണ് അസദുള്ളയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അറിയിച്ചു. ഭീകരര്‍ക്കെതിരായ അഫ്ഗാന് സൈന്യത്തിന്റെ ആക്രമണത്തിലാണ് അസഗുള്ള കൊല്ലപ്പെട്ടത്.
അഫ്ഗാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഐ.എസിന്റെ ഖൊറാസാന്‍ മേഖലയുടെ രഹസ്യാന്വേഷണ വിഭാഗം തലവനായിട്ടാണ് അസദുള്ള ചുമതല വഹിച്ചിരുന്നത്. അഫ്ഗാനിലെ നഗരപ്രദേശങ്ങളിലെ ഭീകരാക്രമണങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് അസദുള്ളയായിരുന്നു.
അഫ്ഗാന് സൈന്യം പ്രത്യേകം രൂപീകരിച്ച ഭീകരവിരുദ്ധ സേനയാണ് അതീവ രഹസ്യമായ ഓപ്പറേഷന് വിജയകരമായി നടപ്പാക്കിയത്. വളരെ രഹസ്യമായി യാത്രചെയ്തിരുന്ന അസദുള്ള പാകിസ്താനില്‍ സിയാ ഉര് റഹ്മാന് എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ മെയ് മാസം ഐ.എസ് കമാന്റര്‍ സിയാ ഉള് ഹഖിനെ പിടിക്കാന്‍ സാധിച്ചതിന് ശേഷം അഫ്ഗാന് സൈന്യ ത്തിന് മേല്‍കൈ ഉണ്ടാക്കിയിരിക്കുന്ന ഭീകരവേട്ടയാണ് ഇന്നലെ നടന്നിരിക്കുന്നതെന്ന് മാദ്ധ്യമങ്ങള്‍ അറിയിച്ചു.